Sunday, May 1, 2011

നന്മയുടെ പെരുക്കങ്ങള്‍ : അഴിമതി മുഖ്യവിപത്ത് - ആര്‍.എന്‍.ഹോമര്‍

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാരതം നേരിടുന്ന മുഖ്യവിപത്ത് അഴിമതിയാണ്. ദേശീയതലത്തിലെയും പ്രാദേശിക തലത്തിലെയും അഴിമതികള്‍ക്കെതിരായി പ്രതികരിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്നത് ഇന്ത്യന്‍ ജനാധിപ ത്യത്തില്‍ വിശ്വസിക്കുന്ന ഏതൊരാളുടെയും കടമയാണ് .
അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സമരത്തെ പിന്തുണച്ചതിലൂടെ സഖാവ്‌ വി. എസ്‌.അച്ചുതാനന്ദന്‍റെ പ്രതിച്ഛായ വര്‍ദ്ധിക്കുകയാണ് ചെയ്തത്.
അണ്ണാ ഹസാരെയെ പ്രത്യക്ഷമായോ പരോക്ഷമായോ ചെറുതാക്കി കാണിക്കുക വഴി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സഖാവ്‌ പിണറായി വിജയന് ഉള്ള പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുകയുമാണ് ഉണ്ടായത്.
അണ്ണാ ഹസാരെ ഗാന്ധിയനാണോ കമ്മ്യുണിസ്റ്റാണോ ബി.ജെ.പി.ക്കാരനാണോ എന്നതല്ല പ്രശ്നം, അദ്ദേഹം അഴിമതി ക്കെതിരാണോ എന്നതാണ് പ്രസക്തം .
സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മറ്റൊരു എന്‍ടോസള്‍ഫാനാണ് സാമ്പത്തിക ക്രമക്കേടുകള്‍. വിഷലിപ്തമായ സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരായ സമരത്തില്‍ ബി.ജെ.പി.ക്കാരെയും ഗാന്ധിയന്‍മാരല്ലാത്തവരെയും അണിനിരത്തേണ്ടിവരും എന്ന കാര്യം സഖാവ്‌ പിണറായി വിജയനെപ്പോലൊരാളെ ഓര്‍മപ്പെടുത്തേണ്ടതില്ലല്ലോ. 

Wednesday, April 27, 2011

നന്മയുടെ പെരുക്കങ്ങള്‍ :എന്ടോസള്‍ഫാന്‍റെ വക്കാലത്തുകാര്‍ ഇപ്പോഴും കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയില്‍-ആര്‍.എന്‍.ഹോമര്‍

  കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് കാസര്‍കോട് നിന്നും നമ്മള്‍ കണ്ടു
കൊണ്ടിരിക്കുന്നത് .സഹജീവികളുടെ ജീവിതം എങ്ങനെ തുലഞ്ഞാലും
വേണ്ടില്ല , പണം കിട്ടിയാല്‍ മതി എന്ന ഭരണാധികാരികളുടെ ചിന്താഗതി നമുക്ക് മനസ്സിലാക്കാം .എന്നാല്‍ രാക്ഷസീയമായ കമ്പനിയുടെ പക്കല്‍ നിന്നും ലക്ഷക്കണക്കിന്‌ രൂപ വക്കീല്‍ ഫീസ്‌ വാങ്ങി കേരള ഹൈക്കോടതിയില്‍ കേസ് വാദിച്ച വക്കീലന്മാരോ ?
അവര്‍ വിപ്ലവകാരികളായും കമ്മ്യുണിസ്റ്റ്‌ കാരായും , വക്കീലന്മാരുടെ  ദേശിയ സംഘടനയുടെ സാരഥികളായും പ്രഖ്യാപിച്ചു വിലസുകയാണിപ്പോഴും . ജനവിരുദ്ധരായ അത്തരം വക്കീലന്മാരെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സ. സി.കെ.ചന്ദ്രപ്പന്‍
തയ്യാറാകുമോ?
എന്ടോസള്‍ഫാന്‍ കമ്പനിക്കു വേണ്ടി കേസ് വാദിച്ച സി.പി.ഐ.വക്കീലന്മാരെ തള്ളിപ്പറയാനും അവരുടെ സംഘടനയുമായി യാതൊരു ബന്ധമില്ലെന്ന് പ്രഖ്യാപിക്കാനും അഭിവന്ദ്യനായ ജസ്റ്റിസ്  വി. ആര്‍.കൃഷ്ണയ്യര്‍ തയ്യാറാകുമോ?

കവിത: തീക്കനലയ്യപ്പന്‍ - ആര്‍ .എന്‍ .ഹോമര്‍


ആചാരത്തെ 
ചാരമാക്കിയവന്‍,
അയ്യപ്പന്‍ .
കപടസദാചാരത്തെ 
ചാരായത്തില്‍ 
മുക്കിക്കുടിച്ചവന്‍,
അയ്യപ്പന്‍,
പരാജിതരുടെ രാക്കനല്‍.
സന്ചാര കവിയുടെ 
ചാരായം മണക്കും 
ശവത്തിനു മുകളില്‍ 
ആചാരവെടിവെച്ചു
ഉപചാരമര്‍പ്പിച്ചവര്‍
ഊരിലെ ചാരന്മാര്‍ .

കവിത: അയ്യപ്പന്‍റെ ചിതാഭസ്മം ചിരിക്കുന്നു-ആര്‍.എന്‍.ഹോമര്‍

  
ചിതയില്‍ 
അയ്യപ്പന്‍റെ ജഡം 
പെട്ടെന്ന് കത്തിയമര്‍ന്നു .
ആള്‍ക്കഹോളിക്ക് ബോഡിക്കെന്തിന്നധികം 
ചിരട്ടയും വരടിയും ചന്ദന മരവും 
അയ്യപ്പന്‍ ദേശീയനേതാവുമല്ലല്ലോ.
അകന്ന ഒരു ബന്ധു ,
അയ്യപ്പന്‍റെ ആത്മശാന്തിയെക്കരുതി
ചിതാഭസ്മക്കുടവുമായി
ഭാരതപ്പുഴയെ സമീപിച്ചു .
ഭാരതപ്പുഴ പറഞ്ഞു :
' ഈ പുഴ പുന്നശ്ശേരി നമ്പിയുടെ പുഴയാണ് .ബധിര വിലാപത്തിന്‍റെ പുഴയാണ് .ഗോവിന്ദന്‍ ചിന്തകന്‍റെ  പുഴയാണ് .പാട്ട ബാക്കിയുടെ പുഴയാണ് .എത്രയോ മഹാരഥന്മാരുടെ പുഴയാണ് .സര്‍വോപരി കന്യാച്ചര്‍മം പൊട്ടാത്ത പുഴയാണ് .
അതിനാല്‍ മദ്യപാനിയുടെ ചിതാഭസ്മം 
എന്നിലലിയിപ്പിക്കാന്‍ സാധ്യമല്ല .
വേഗം സ്ഥലം വിട്ടോളൂ '
ചിതാഭസ്മ  ഘോഷയാത്ര ലക്‌ഷ്യം മുറിഞ്ഞു 
തിരിച്ചു പോരും മുന്‍പേ 
ഏക ബന്ധു ഭാരതപ്പുഴയോട് ചോദിച്ചു :
'കുറ്റിപ്പുറം ഇവിടെയടുത്താണോ ?'( ബന്ധുവിന്‍റെ മനസ്സില്‍ മദ്യ ദുരന്തത്തിന്‍റെ ക്ലോസ്സപ്പ് )
ഭാരതപ്പുഴക്കപ്പോള്‍ വല്ലാത്ത മൗനം .
അകന്ന ബന്ധു 
അയ്യപ്പന്‍റെ ചിതാഭസ്മവും ചുമന്നു 
ചാലക്കുടിക്ക് വണ്ടി കേറി .
ചിതാഭസ്മമൊഴുക്കാന്‍ ചാലക്കുടി പുഴയോട് 
അനുവാദം ചോദിക്കേണ്ട താമസം 
പാസ് കൊടുത്തു, പുഴ .
കാരണം ചാലക്കുടിപ്പുഴക്കരികില്‍ വന്മരങ്ങളില്ല;നാട്ടാനകളുമില്ല.
ഉള്ളതാകട്ടെ ,കുറ്റിക്കാടും കാടുകുറ്റിയും,കാട്ടാനകളും 
പിന്നെ ,ബിവരേജസിന്‍റെ ഒന്നാം നമ്പര്‍ ഷാപ്പും .

Friday, April 15, 2011

നന്മയുടെ പെരുക്കങ്ങള്‍: മരണാനന്തര ബഹുമതികള്‍

സഹകരണ വകുപ്പും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തകഴി  ശിവശങ്കരപിള്ളക്കും വയലാര്‍ രാമവര്‍മ്മയ്ക്കും മരണാനന്തര ബഹുമതി നല്‍കുകയുണ്ടായി.

ആലപ്പുഴ വികാരവും, സവര്‍ണ ഹൈന്ദവ വികാരവും ചുഷണം ചെയ്യാനാണ് മേല്‍പ്പറഞ്ഞ മഹാരഥന്മാര്‍ക്ക് മാത്രമായി മരണാനന്തര ബഹുമതി നല്‍കിയത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. വയലാര്‍ രാമവര്‍മ്മയും, തകഴി  ശിവശങ്കരപിള്ളയും അവരുടേതായ മേഖലകളില്‍ അതികായന്മാരാണെങ്കില്‍ക്കുടി, വൈക്കം മുഹമ്മദ്‌ ബഷീറിനെയും പൊന്‍കുന്നം വര്‍ക്കിയെയും കേശവദേവിനെയും ഒ.വി.വിജയനെയും കൂടി അക്കൂട്ടത്തില്‍ പരിഗണിച്ചിരുന്നെങ്കില്‍ സര്‍ക്കാരിന്‍റെ തിരുനെറ്റിയിലെ പൊന്‍തൂവലിന്  തിളക്കം വര്‍ദ്ധിക്കുമായിരുന്നു.

ആര്‍.എന്‍.ഹോമര്‍  

Thursday, March 31, 2011

കവിത - ആര്‍.എന്‍.ഹോമര്‍: ഓര്‍മ പ്രണയം മറവി

എത്ര മാത്രം തിരക്കിലും നീ
എന്‍ ജന്മദിനം ഓര്‍മിച്ചു
അത്ര മാത്രം ഞാനും നിന്‍റെ
ജന്മദിനം ഓര്മിച്ചിടും
നമ്മള്‍ക്കുള്ളിലെ ആ ഓര്‍മ
തന്‍ പേരാണോ പ്രണയം
കാതലിന്‍ കാതലായ പ്രണയം

ഇന്നലെ നാം കണ്ടുപിരിയുമ്പോള്‍
എന്തോ പറയാന്‍ മറന്നുപോയി
ഇനി നാം കണ്ടുപിരിയുമ്പോഴും
ഏതാനും കാര്യം മറന്നുപോകും
നമ്മള്‍ക്കുള്ളിലെ ആ മറവി
തന്‍ പേരാണോ പ്രണയം
കാതലിന്‍ കാതലായ പ്രണയം.

Monday, March 28, 2011

നന്മയുടെ പെരുക്കങ്ങള്‍: പണത്തിനു മേലെ ......പറക്കില്ല

എക്സിക്യുട്ടിവിലും ലജിസ്ലേച്ചറിലും ജുഡീഷ്യറിയിലും വിശ്വാസം നഷ്ട്ടപ്പെടുമ്പോള്‍ ജനങ്ങളുടെ കാവലാള്‍ ആയി ഉണ്ടായിരുന്നത് ഫോര്‍ത്ത്  എസ്റ്ററ്റ് ആയിരുന്നു. പ്രിന്‍റ് മീഡിയയും വിഷ്വല്‍ മീഡിയയും. മാധ്യമങ്ങള്‍ നോട്ടുകെട്ടുകളുടെ മുന്നില്‍ കണ്ണു മഞ്ഞളിച്ചു നില്‍ക്കുന്ന കാഴ്ച സമീപ കാലത്തെദുരന്തമാണ്. പാവങ്ങളായ,ദുര്‍ബലരായ ഞങ്ങള്‍ ജനങ്ങള്‍ക്ക്‌ അവസാനത്തെ അത്താണിയും നഷ്ട്ടപ്പെടുകയാണോ ?സ്‌ഥാനത്തും അസ്‌ഥാനത്തും കേസരിയുടെയും സ്വദേശാഭിമാനിയുടെയുംപേരുകള്‍ ഉരുവിടുന്ന  നിങ്ങള്‍ക്ക്‌ ആ മഹാരഥന്മാരുടെ സ്മ്യതികുടീരങ്ങളോട് അല്‍പ്പമെങ്കിലും ആദരവുണ്ടെങ്കില്‍ പൊയ്മുഖങ്ങള്‍ അഴിച്ചുമാറ്റുക. 
      പണിതുകൊണ്ടിരുന്ന വില്ല തകര്‍ന്നു ഗുരുവായൂരില്‍ ഈ അടുത്ത കാലത്ത് മൂന്നു ബംഗാളി തൊഴിലാളികള്‍ മരണമടഞ്ഞു .വില്ലന്മാരായ വില്ല നിര്‍മാതാക്കളുടെ സാമര്‍ത്ധ്യക്കൂടുതല്‍കൊണ്ട് പ്രസ്തുത വാര്‍ത്ത പുറംലോകം അറിഞ്ഞില്ല .ഗുരുവായുരിന് ചുറ്റുപാടും താമസിക്കുന്ന ഗര്‍ജ്ജിക്കുന്ന സിംഹങ്ങളും അതറിഞ്ഞില്ല .ബംഗാളിലെ ദേശീയസാഹിത്യകാരി മഹാശ്വേതാദേവിയും അതറിഞ്ഞില്ല .പിണറായി വിജയനെതിരെ കുരിശുയുദ്ധം  പ്രഖ്യാപിച്ചു നടക്കുന്ന സി.ആര്‍.നീലകണ്ടനെന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും അതറിഞ്ഞില്ല. അദ്ദേഹം അറിഞ്ഞാലല്ലേ മഹാശ്വേതാദേവി അറിയൂ .അവരറിഞ്ഞാ ലല്ലേ വിഷയം മനുഷ്യാവകാശ പ്രശ്നമായി അന്താരാഷ്ട്ര കോടതിയില്‍ എത്തുകയുള്ളൂ .ബംഗാളി തൊഴിലാളികള്‍ അപകടത്തില്‍ പെട്ട് കേരളത്തില്‍ മരിച്ചാല്‍ ഇവിടത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെന്തു ചേതം ?.ബംഗാളി തൊഴിലാളികള്‍ വില്ല തകര്‍ന്നു ബംഗാളില്‍ വെച്ച് മരണമടഞ്ഞിരുന്നുവെങ്കില്‍ മഹാശ്വേതാദേവിക്കും കൂട്ടര്‍ക്കും ബുദ്ധദേവ്‌ ഭട്ടാചാര്യയെ പ്രതിക്കൂട്ടില്‍ കയറ്റാമായിരുന്നു .ഇക്കാര്യത്തില്‍ അങ്ങനെയൊരു ചാന്‍സ് ഇല്ലല്ലോ ?.
മനുഷ്യന്‍ പണത്തോടുള്ള ആര്‍ത്തി പൂണ്ട്‌ പരക്കം പായുകയാണ്. പണക്കൊതിയന്മാര്‍ തമ്മില്‍ തമ്മില്‍ തലതല്ലിക്കീറി മരിക്കുന്ന ഒരു കാലം വരും. ആ കാലം വരുംവരെ ഞങ്ങള്‍ ജനങ്ങള്‍ കൂരകളില്‍ ക്ഷമയോടെ കാത്തിരിക്കാം .പണത്തിനു മേലെ പരുന്തും പറക്കില്ല എന്ന പഴംചൊല്ല് അപ്പോഴേക്കും പുതിയ രൂപത്തില്‍ ജനങ്ങളുടെ മനസ്സില്‍ കുടിയേറിയിരിക്കും. ഒന്ന് തീര്‍ച്ച ,ആഗോളവല്‍ക്കരണകാലത്ത് ബംഗാളി തൊഴിലാളികളെ രക്ഷിക്കാന്‍ ഗുരുവയുരപ്പന് പോലും കഴിയില്ല. സംഭവാമി യുഗേ യുഗേ !

ആര്‍.എന്‍.ഹോമര്‍