Wednesday, April 27, 2011

കവിത: അയ്യപ്പന്‍റെ ചിതാഭസ്മം ചിരിക്കുന്നു-ആര്‍.എന്‍.ഹോമര്‍

  
ചിതയില്‍ 
അയ്യപ്പന്‍റെ ജഡം 
പെട്ടെന്ന് കത്തിയമര്‍ന്നു .
ആള്‍ക്കഹോളിക്ക് ബോഡിക്കെന്തിന്നധികം 
ചിരട്ടയും വരടിയും ചന്ദന മരവും 
അയ്യപ്പന്‍ ദേശീയനേതാവുമല്ലല്ലോ.
അകന്ന ഒരു ബന്ധു ,
അയ്യപ്പന്‍റെ ആത്മശാന്തിയെക്കരുതി
ചിതാഭസ്മക്കുടവുമായി
ഭാരതപ്പുഴയെ സമീപിച്ചു .
ഭാരതപ്പുഴ പറഞ്ഞു :
' ഈ പുഴ പുന്നശ്ശേരി നമ്പിയുടെ പുഴയാണ് .ബധിര വിലാപത്തിന്‍റെ പുഴയാണ് .ഗോവിന്ദന്‍ ചിന്തകന്‍റെ  പുഴയാണ് .പാട്ട ബാക്കിയുടെ പുഴയാണ് .എത്രയോ മഹാരഥന്മാരുടെ പുഴയാണ് .സര്‍വോപരി കന്യാച്ചര്‍മം പൊട്ടാത്ത പുഴയാണ് .
അതിനാല്‍ മദ്യപാനിയുടെ ചിതാഭസ്മം 
എന്നിലലിയിപ്പിക്കാന്‍ സാധ്യമല്ല .
വേഗം സ്ഥലം വിട്ടോളൂ '
ചിതാഭസ്മ  ഘോഷയാത്ര ലക്‌ഷ്യം മുറിഞ്ഞു 
തിരിച്ചു പോരും മുന്‍പേ 
ഏക ബന്ധു ഭാരതപ്പുഴയോട് ചോദിച്ചു :
'കുറ്റിപ്പുറം ഇവിടെയടുത്താണോ ?'( ബന്ധുവിന്‍റെ മനസ്സില്‍ മദ്യ ദുരന്തത്തിന്‍റെ ക്ലോസ്സപ്പ് )
ഭാരതപ്പുഴക്കപ്പോള്‍ വല്ലാത്ത മൗനം .
അകന്ന ബന്ധു 
അയ്യപ്പന്‍റെ ചിതാഭസ്മവും ചുമന്നു 
ചാലക്കുടിക്ക് വണ്ടി കേറി .
ചിതാഭസ്മമൊഴുക്കാന്‍ ചാലക്കുടി പുഴയോട് 
അനുവാദം ചോദിക്കേണ്ട താമസം 
പാസ് കൊടുത്തു, പുഴ .
കാരണം ചാലക്കുടിപ്പുഴക്കരികില്‍ വന്മരങ്ങളില്ല;നാട്ടാനകളുമില്ല.
ഉള്ളതാകട്ടെ ,കുറ്റിക്കാടും കാടുകുറ്റിയും,കാട്ടാനകളും 
പിന്നെ ,ബിവരേജസിന്‍റെ ഒന്നാം നമ്പര്‍ ഷാപ്പും .

No comments:

Post a Comment