Wednesday, April 27, 2011

നന്മയുടെ പെരുക്കങ്ങള്‍ :എന്ടോസള്‍ഫാന്‍റെ വക്കാലത്തുകാര്‍ ഇപ്പോഴും കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയില്‍-ആര്‍.എന്‍.ഹോമര്‍

  കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് കാസര്‍കോട് നിന്നും നമ്മള്‍ കണ്ടു
കൊണ്ടിരിക്കുന്നത് .സഹജീവികളുടെ ജീവിതം എങ്ങനെ തുലഞ്ഞാലും
വേണ്ടില്ല , പണം കിട്ടിയാല്‍ മതി എന്ന ഭരണാധികാരികളുടെ ചിന്താഗതി നമുക്ക് മനസ്സിലാക്കാം .എന്നാല്‍ രാക്ഷസീയമായ കമ്പനിയുടെ പക്കല്‍ നിന്നും ലക്ഷക്കണക്കിന്‌ രൂപ വക്കീല്‍ ഫീസ്‌ വാങ്ങി കേരള ഹൈക്കോടതിയില്‍ കേസ് വാദിച്ച വക്കീലന്മാരോ ?
അവര്‍ വിപ്ലവകാരികളായും കമ്മ്യുണിസ്റ്റ്‌ കാരായും , വക്കീലന്മാരുടെ  ദേശിയ സംഘടനയുടെ സാരഥികളായും പ്രഖ്യാപിച്ചു വിലസുകയാണിപ്പോഴും . ജനവിരുദ്ധരായ അത്തരം വക്കീലന്മാരെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സ. സി.കെ.ചന്ദ്രപ്പന്‍
തയ്യാറാകുമോ?
എന്ടോസള്‍ഫാന്‍ കമ്പനിക്കു വേണ്ടി കേസ് വാദിച്ച സി.പി.ഐ.വക്കീലന്മാരെ തള്ളിപ്പറയാനും അവരുടെ സംഘടനയുമായി യാതൊരു ബന്ധമില്ലെന്ന് പ്രഖ്യാപിക്കാനും അഭിവന്ദ്യനായ ജസ്റ്റിസ്  വി. ആര്‍.കൃഷ്ണയ്യര്‍ തയ്യാറാകുമോ?

കവിത: തീക്കനലയ്യപ്പന്‍ - ആര്‍ .എന്‍ .ഹോമര്‍


ആചാരത്തെ 
ചാരമാക്കിയവന്‍,
അയ്യപ്പന്‍ .
കപടസദാചാരത്തെ 
ചാരായത്തില്‍ 
മുക്കിക്കുടിച്ചവന്‍,
അയ്യപ്പന്‍,
പരാജിതരുടെ രാക്കനല്‍.
സന്ചാര കവിയുടെ 
ചാരായം മണക്കും 
ശവത്തിനു മുകളില്‍ 
ആചാരവെടിവെച്ചു
ഉപചാരമര്‍പ്പിച്ചവര്‍
ഊരിലെ ചാരന്മാര്‍ .

കവിത: അയ്യപ്പന്‍റെ ചിതാഭസ്മം ചിരിക്കുന്നു-ആര്‍.എന്‍.ഹോമര്‍

  
ചിതയില്‍ 
അയ്യപ്പന്‍റെ ജഡം 
പെട്ടെന്ന് കത്തിയമര്‍ന്നു .
ആള്‍ക്കഹോളിക്ക് ബോഡിക്കെന്തിന്നധികം 
ചിരട്ടയും വരടിയും ചന്ദന മരവും 
അയ്യപ്പന്‍ ദേശീയനേതാവുമല്ലല്ലോ.
അകന്ന ഒരു ബന്ധു ,
അയ്യപ്പന്‍റെ ആത്മശാന്തിയെക്കരുതി
ചിതാഭസ്മക്കുടവുമായി
ഭാരതപ്പുഴയെ സമീപിച്ചു .
ഭാരതപ്പുഴ പറഞ്ഞു :
' ഈ പുഴ പുന്നശ്ശേരി നമ്പിയുടെ പുഴയാണ് .ബധിര വിലാപത്തിന്‍റെ പുഴയാണ് .ഗോവിന്ദന്‍ ചിന്തകന്‍റെ  പുഴയാണ് .പാട്ട ബാക്കിയുടെ പുഴയാണ് .എത്രയോ മഹാരഥന്മാരുടെ പുഴയാണ് .സര്‍വോപരി കന്യാച്ചര്‍മം പൊട്ടാത്ത പുഴയാണ് .
അതിനാല്‍ മദ്യപാനിയുടെ ചിതാഭസ്മം 
എന്നിലലിയിപ്പിക്കാന്‍ സാധ്യമല്ല .
വേഗം സ്ഥലം വിട്ടോളൂ '
ചിതാഭസ്മ  ഘോഷയാത്ര ലക്‌ഷ്യം മുറിഞ്ഞു 
തിരിച്ചു പോരും മുന്‍പേ 
ഏക ബന്ധു ഭാരതപ്പുഴയോട് ചോദിച്ചു :
'കുറ്റിപ്പുറം ഇവിടെയടുത്താണോ ?'( ബന്ധുവിന്‍റെ മനസ്സില്‍ മദ്യ ദുരന്തത്തിന്‍റെ ക്ലോസ്സപ്പ് )
ഭാരതപ്പുഴക്കപ്പോള്‍ വല്ലാത്ത മൗനം .
അകന്ന ബന്ധു 
അയ്യപ്പന്‍റെ ചിതാഭസ്മവും ചുമന്നു 
ചാലക്കുടിക്ക് വണ്ടി കേറി .
ചിതാഭസ്മമൊഴുക്കാന്‍ ചാലക്കുടി പുഴയോട് 
അനുവാദം ചോദിക്കേണ്ട താമസം 
പാസ് കൊടുത്തു, പുഴ .
കാരണം ചാലക്കുടിപ്പുഴക്കരികില്‍ വന്മരങ്ങളില്ല;നാട്ടാനകളുമില്ല.
ഉള്ളതാകട്ടെ ,കുറ്റിക്കാടും കാടുകുറ്റിയും,കാട്ടാനകളും 
പിന്നെ ,ബിവരേജസിന്‍റെ ഒന്നാം നമ്പര്‍ ഷാപ്പും .

Friday, April 15, 2011

നന്മയുടെ പെരുക്കങ്ങള്‍: മരണാനന്തര ബഹുമതികള്‍

സഹകരണ വകുപ്പും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തകഴി  ശിവശങ്കരപിള്ളക്കും വയലാര്‍ രാമവര്‍മ്മയ്ക്കും മരണാനന്തര ബഹുമതി നല്‍കുകയുണ്ടായി.

ആലപ്പുഴ വികാരവും, സവര്‍ണ ഹൈന്ദവ വികാരവും ചുഷണം ചെയ്യാനാണ് മേല്‍പ്പറഞ്ഞ മഹാരഥന്മാര്‍ക്ക് മാത്രമായി മരണാനന്തര ബഹുമതി നല്‍കിയത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. വയലാര്‍ രാമവര്‍മ്മയും, തകഴി  ശിവശങ്കരപിള്ളയും അവരുടേതായ മേഖലകളില്‍ അതികായന്മാരാണെങ്കില്‍ക്കുടി, വൈക്കം മുഹമ്മദ്‌ ബഷീറിനെയും പൊന്‍കുന്നം വര്‍ക്കിയെയും കേശവദേവിനെയും ഒ.വി.വിജയനെയും കൂടി അക്കൂട്ടത്തില്‍ പരിഗണിച്ചിരുന്നെങ്കില്‍ സര്‍ക്കാരിന്‍റെ തിരുനെറ്റിയിലെ പൊന്‍തൂവലിന്  തിളക്കം വര്‍ദ്ധിക്കുമായിരുന്നു.

ആര്‍.എന്‍.ഹോമര്‍